നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് അവ്യക്തത തുടരുന്നു. ശ്രീദേവിയുടേത് അപകട മരണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ദുബായിലെ നടപടിക്രമങ്ങൾ അനന്തമായി നീളുന്നത്. ഇതോടെ ശ്രീദേവിയുടെ മൃതദേഹം ഉടൻ നാട്ടിൽ എത്തിക്കില്ലെന്നാണ് ദുബായിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശനിയാഴ്ച രാത്രി മരണപ്പെട്ട ശ്രീദേവിയുടെ മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെ നാട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. എന്നാൽ ഫോറൻസിക് പരിശോധനയിലും, പോസ്റ്റ്മോർട്ടത്തിലും അപകട മരണമാണെന്ന് കണ്ടെത്തിയതോടെ കാര്യങ്ങൾ സങ്കീർണ്ണമായി. അപകട മരണമാണെന്ന് സ്ഥിരീകരിച്ചതോടെ ശ്രീദേവിയുടെ കേസ് ദുബായ് പോലീസ് ദുബായ് പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറി.